Saturday 16 March 2013

സ്കൂള്‍ വാര്‍ഷികം

സാമൂഹ്യ കൂട്ടായ്മയില്‍ ഒരു സ്കൂള്‍ വാര്‍ഷികം..........

                    കഴിഞ്ഞ ഒരു വര്‍ഷത്തെ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയ്ക്ക് സാക്ഷികളാകാന്‍ ഒരു നേരത്തെ പണിയും കളഞ്ഞ് അവരെത്തി ....... ബോണക്കാട്ടെ സ്നേഹസമ്പന്നരായ തൊഴിലാളികള്‍ .......അവരുടെ സാന്നിധ്യത്തില്‍ സ്കൂള്‍ വാര്‍ഷികം ലളിതമെങ്കിലും പ്രൌഡഗംഭീരമായ ചടങ്ങുകളോടെ നടന്നു . കൂട്ടുകാരുടെ ഈശ്വര പ്രാര്‍ഥനയോടെ പരിപാടികള്‍ ആരംഭിച്ചു . പി റ്റി എ പ്രസിഡണ്ട്‌ ശ്രീ അരുണാചലം അധ്യക്ഷനായി . ഹെഡ്മാസ്റ്റര്‍ സ്വാഗതം പറഞ്ഞു .



 സ്കൂളും പരിസരവും കമനീയമായി അണിഞോരുങ്ങിയിരുന്നു . 




വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി മറിയക്കുട്ടി ചടങ്ങ് ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു .




അധ്യാപകനായ ശ്രീ ജയചന്ദ്രന്‍ സാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു 


ബീമാപ്പള്ളി യൂ പി സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ എ വി ജഗന്‍ സാര്‍ കൂട്ടുകാരുടെ സൃഷ്ട്ടികളുടെ സമാഹാരമായ കനവ് പ്രകാശനം ചെയ്തു .


  

 കൂട്ടുകാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മുന്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ ഹേമചന്ദ്രന്‍ സാര്‍ നിര്‍വഹിച്ചു .





 പങ്കെടുത്ത തൊഴിലാളികള്‍ കൂട്ടുകാര്‍ക്ക് വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു .




 അധ്യാപകനായ അനൂപ്‌ സാറിന് പി റ്റി എ നല്‍കിയ ഉപഹാരം പി റ്റി എ പ്രസിഡണ്ട്‌ കൈമാറി .




 ശ്രീ തങ്കദുരൈ ആശംസകള്‍ നേര്‍ന്നു . ബീമാപള്ളി യു പി സ്കൂളിലെ പി റ്റി എ പ്രസിഡണ്ട്‌ ശ്രീ പീരു മുഹമ്മദ്‌ സ്കൂള്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു .
കൂട്ടുകാരുടെ പോര്‍ട്ട്‌ ഫോളിയോകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു . അവരുടെ കുഞ്ഞു കലാപ്രകടനങ്ങള്‍ സദസ്സിനെ പിടിച്ചിരുത്തി ...




Wednesday 13 March 2013

സ്കൂള്‍ വാര്‍ഷികം

ബോണക്കാട് സ്കൂള്‍ വാര്‍ഷികം മാര്‍ച്ച്‌ 15 ന്

ബോണക്കാട് സ്കൂളിന്റെ ഈ വര്‍ഷത്തെ വാര്‍ഷികം മാര്‍ച്ച്‌ പതിനഞ്ചിന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നടക്കുന്നു . വാര്ഷികത്തോടൊപ്പം കനവ് എന്ന പേരില്‍ ഒരു പത്രവും പുറത്തിറക്കുന്നു . എല്ലാ കൂട്ടുകാര്‍ക്കും കൈ നിറയെ സമ്മാനങ്ങളും അവരുടെ മികവിന്റെ സാക്ഷിപത്രമായി മനോഹരമായ ഒരു സര്‍ട്ടിഫിക്കറ്റും നല്‍കുന്നു . കൂട്ടുകാര്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു .കുരുന്നുകളുടെ ഈ ആഘോഷത്തിനു സാക്ഷിയാകുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു .......

Saturday 9 March 2013

വിനോദയാത്ര

കന്യാകുമാരിയിലെയ്ക്കൊരു യാത്ര ..... 

ഓരോ കുട്ടിയ്ക്കും അവന്റേതായ അവകാശങ്ങളുണ്ട് ..... ബോണക്കാട്ടെ കൂട്ടുകാര്‍ക്കും ഇതു ബാധകമാണ് . അതുകൊണ്ട് തന്നെ ഈ അധ്യയന വര്‍ഷം ബോണക്കാട് യു പി സ്കൂളിലെ കൂട്ടുകാര്‍ക്കായി ഒരു പഠന വിനോദയാത്ര സംഘടിപ്പിച്ചു . 
                       രാവിലെ 5.30 നുള്ള ബസ്സില്‍ വിതുരയില്‍ എത്തി അവിടെ തയ്യാറായി നിന്നിരുന്ന വാഹനത്തില്‍ കന്യാകുമാരിയിലെയ്ക്ക് യാത്ര തിരിച്ചു . പോകുന്ന വഴിയില്‍ ആദ്യമെത്തിയത്‌ പദ്മനാഭപുരം കൊട്ടാരത്തിലാണ് . കൊട്ടാരത്തിനടുത്തുള്ള ശിവക്ഷേത്രത്തിന്റെ കുളക്കരയിലെ ആലിന്‍ചുവട്ടില്‍ കാപ്പി കുടിക്കാനായി ഇരുന്നു . അതിനുശേഷം ക്ഷേത്രഗോപുരത്തിലൂടെ ക്ഷേത്രത്തിനുള്ളിലെയ്ക്ക് കടന്നു .


                       അതിനു ശേഷം പദ്മനാഭപുരം കൊട്ടാരത്തിലെ കൊത്തുപണികളും വിശേഷങ്ങളും നടന്നു കണ്ടു . നാലുകെട്ടും എട്ടുകെട്ടും പൂമുഖവുമെല്ലാം പഴയ ഒരു സംസ്ക്കാരത്തിന്റെ തെളിവുകളായി കൂട്ടുകാരെ ആകര്‍ഷിച്ചു 






                        അവിടെ നിന്നും ഉദയഗിരി കൊട്ടയിലെത്തി . കോട്ടകൊത്തളങ്ങളും ഡിലനോയിയുടെ ശവകുടീരവും മറ്റും കണ്ടു . 


                        തുടര്‍ന്ന് കന്യാകുമാരിയിലെത്തി അവിടത്തെ വിവേകാനന്ദപ്പാറയും ബോട്ട് യാത്രയും ഗാന്ധിഘട്ടും എല്ലാം കൂട്ടുകാര്‍ക്ക് ഏറെ ഇഷ്ട്ടമായി .....





 അല്‍പനേരം കടലിലെ തിരമാലകളുമായി കൂട്ടുകാര്‍ കൂട്ടുകൂടി കളിച്ചു .


 അവിടെ നിന്നും വൈകുന്നേരം ശുചീന്ദ്രം വഴി എട്ടു മണിയോടെ വിതുരയിലെത്തി . അവസാനത്തെ ബസ്സില്‍ ബോണക്കാട്ടെത്തി . അപ്പോള്‍ അവിടെ കൂട്ടുകാരെ കാത്തു രക്ഷിതാക്കള്‍ നില്‍പ്പുണ്ടായിരുന്നു ..... ഇടമുറിയാത്ത മഴയെയും കാറ്റിനെയും വകവയ്ക്കാതെ കൂട്ടുകാരെയും കൂട്ടി മല കയറി സ്കൂളിലെത്തി 

മികവ്

മെട്രിക്‌ മേളയില്‍ രണ്ടാം സ്ഥാനം ....

    വിതുര പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ ചെറ്റച്ചല്‍ സ്കൂളില്‍ വച്ച് നടന്ന മെട്രിക്‌ മേളയില്‍ ബോണക്കാട് യു പി സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു . സ്കൂളിനെ പ്രതിനിധീകരിച്ച് കൂട്ടുകാരായ വിസ്മയയും അബിനും പങ്കെടുത്തു . സമ്മാനമായി ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും കൂട്ടുകാര്‍ക്ക് ലഭിച്ചു . 


വിവിധ പ്രവര്‍ത്തന പരിപാടികള്‍ക്കൊപ്പം വിളംബരജാഥയും സംഘടിപ്പിച്ചിരുന്നു 


ചെറ്റച്ചല്‍ സ്കൂളിലെ കൂട്ടുകാര്‍ സംഘടിപ്പിച്ച എയിറോബിക്സ്‌ പ്രകടനങ്ങള്‍ കൗതുകമുണര്‍ത്തി .......




Thursday 14 February 2013

ജൈവ കൃഷി ജീവിത പാഠമാകുന്നു..........

        ബോണക്കാട് സ്കൂളിനു ചുറ്റും രണ്ടര ഏക്കര്‍ സ്ഥലം സ്കൂളിനു സ്വന്തമായുണ്ട് . ഇതു മുഴുവന്‍ കാടും പടപ്പും നിറഞ്ഞതായിരുന്നു .ഞങ്ങള്‍ കൂട്ടുകാരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് അവ വെട്ടി വൃത്തിയാക്കി . നാല് വശവും ജൈവവേലി കെട്ടി .ഇപ്പോള്‍ അവിടെ പച്ചക്കറികളും വാഴയും നന്നായി വളരുന്നു .



ജൈവ കൃഷി രീതിയാണ് ഇവിടെ അവലംബിക്കുന്നത് . നാടന്‍ പശുവിന്റെ ചാണകവും മറ്റുമാണ് വളമായി നല്‍കുന്നത് . കൃഷി അറിവുകള്‍ പങ്കു വയ്ക്കാന്‍ നാട്ടിലെ മുതിര്‍ന്ന ആളുകളും എത്തുന്നുണ്ട് 


എസ്  എസ്  ജി അംഗങ്ങളുടെ നേതൃത്വത്തില്‍ തേയില നുള്ളി ഹാന്‍ഡ് മെയ്ഡ് തേയില നിര്‍മ്മിക്കാനും പരിപാടിയുണ്ട് 

Saturday 17 November 2012

സ്വയം പഠന ക്ലാസ്സ്‌ മുറികള്‍

ക്ലാസ്സ്‌ മുറികള്‍ സര്‍ഗാത്മക സ്വയം പഠനത്തിനുള്ള അരങ്ങുകളാകുന്നു.....

ബോണക്കാട് യു പി സ്കൂളിലെ ക്ലാസ്സ്‌ മുറികളില്‍ വിവിധ മൂലകള്‍ ക്രമീകരിച്ചു .വായനാമുറി ,കളിമൂല ,ശാസ്ത്രമൂല എന്നിവയാണ് ഒരുക്കിയിട്ടുള്ളത്‌ .ശാസ്ത്രമൂലയില്‍ നാല്പതിലധികം പരീക്ഷണങ്ങള്‍ സ്വയം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട് . ശാസ്ത്ര ഉപകരണങ്ങള്‍ നേരിട്ട് കാണാനും പരിചയപ്പെടാനും ശാസ്ത്ര മാജിക്കുകള്‍ കാണാനും ഇവിടെ അവസരമുണ്ട് .കളിമൂലയില്‍ പത്തിലധികം ഗെയിമുകള്‍ പരിചയപ്പെടാനും കളിരീതികള്‍ പങ്കു വയ്ക്കാനുമുള്ള ക്രമീകരണം ഉണ്ട് . 




                   വായനാമുറിയില്‍ കൂട്ടുകാര്‍ക്ക് ഇഷ്ട്ടപ്പെട്ട വായനാ വിഭവങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട് . വായനാ കാര്‍ഡുകള്‍ ,ബാലമാസികകള്‍ , കുഞ്ഞുപുസ്തകങ്ങള്‍ എന്നിവയാണ് വിഭവങ്ങള്‍ .അവരുടെ പഠനോപകരണങ്ങളും സര്‍ഗസൃഷ്ട്ടികളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഇടങ്ങളും വായനാമുറിയിലുണ്ട് ......



                   വിദ്യാലയത്തിന്റെ പൊതു വിവരങ്ങള്‍ പ്രത്യേക രീതിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .


സ്കൂളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സംവിധാനമുണ്ട് .


 മഹാന്മാരുടെ ചിത്രങ്ങള്‍ പതിച്ച് ചുവരുകള്‍ മനോഹരമാക്കിയിട്ടുണ്ട് .......


കൂട്ടുകാര്‍ക്ക് പ്രിയങ്കരനായ അനൂപ്‌ സാര്‍ കൂട്ടുകാരോടൊപ്പം ....


Tuesday 30 October 2012

സ്കൂള്‍ അനുഭവങ്ങള്‍ ഇതു വരെ ........

സ്വാതന്ത്ര്യദിനം 

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ദേശഭക്തി ഗാനാലാപനം , പതാക നിര്‍മ്മാണം , ഗാന്ധിത്തൊപ്പി നിര്‍മ്മാണം , ഗാന്ധി ക്വിസ്‌ ,പതാകവന്ദനം , പായസവിതരണം , എന്നിവ നടന്നു . നല്ല മഴയുള്ള ദിവസമായിരുന്നു .




ഓണക്കാഴ്ച്ചകള്‍

അത്തപ്പൂക്കള നിര്‍മ്മാണം , ഊഞ്ഞാല്‍ പാട്ടുകള്‍ ,നാടന്‍ പന്തുകളി , വള്ളം നിര്‍മ്മാണം , ഓണസദ്യ , ചിത്രപൂക്കളം , എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഓണോത്സവത്തിനു നിറവേകി .....




വാഴക്കുലയില്‍ എത്ര കായകള്‍ .....?

വാഴകൃഷിയില്‍ നൂറു മേനി ..... സ്കൂള്‍ വളപ്പില്‍ ഇപ്പോള്‍ തന്നെ ആറു വാഴക്കുലകള്‍ .ഇവ പഴുപ്പിച്ച് കൂട്ടുകാര്‍ വീതം വയ്ക്കുന്നു . ഓരോ കുലയിലുമുള്ള കായ്കളുടെ എണ്ണം , ഓരോ പടലയിലുമുള്ള കായ്കളുടെ എണ്ണവും സ്കൂള്‍ രജിസ്റ്ററില്‍ ( കാര്‍ഷിക രജിസ്റ്റര്‍ )രേഖപ്പെടുത്തുന്ന ജോലിയും അവര്‍ക്ക് തന്നെ .....വാഴപ്പഴങ്ങള്‍ ഗണിത പ്രവര്‍ത്തനങ്ങളള്‍ക്കു ഉപകരണങ്ങളാകുന്നു . 



കഥകളില്‍ നിന്നും വായനയിലേയ്ക്ക് ..... 

ഓരോ ദിവസവും ഓരോ പുതിയ കഥ .... കഥയില്‍ നിന്നും വായനയിലേയ്ക്ക് ... വയമ്പ് വായനാ കാര്‍ഡുകള്‍ പൊടി തട്ടിയെടുത്ത് വായനയ്ക്ക് വേണ്ടിയൊരുക്കി .... കൂടാതെ പഴയ ബാല മാസികകള്‍ ശേഖരിച്ച് വായനാമൂലയില്‍ ക്രമീകരിച്ചിട്ടുണ്ട് 



പോസ്റ്റാഫീസിലേയ്ക്ക് ഒരു ഫീല്‍ഡ്‌ ട്രിപ്പ്‌ ....

ബോണക്കാട് പ്രദേശത്തെ ഏക കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ..... ബോണക്കാട് പോസ്റ്റ് ഓഫീസ്‌ . നൂറു ചോദ്യങ്ങളുമായി കൂട്ടുകാര്‍ പോസ്റ്റാഫീസിലേയ്ക്ക്..... പോസ്റ്റ് മാസ്റ്റര്‍ കൂട്ടുകാരെ സ്വീകരിച്ചു . പോസ്റ്റല്‍ ഉല്‍പ്പന്നങ്ങളും രീതികളും കുട്ടികള്‍ പരിചയപ്പെട്ടു . ആദ്യമായി പോസ്റ്റ് കാര്‍ഡില്‍ കത്തെഴുതിയ മനോജിനും കൂട്ടുകാര്‍ക്കും സ്വര്‍ഗം പിടിച്ചടക്കിയ സന്തോഷം ......



വാര്‍ത്തകളിലൂടെ .....

കൂട്ടുകാരുടെ ഐ റ്റി പഠനം വാര്‍ത്തയാകുന്നു .....
 ബോണക്കാട്ടെ കൂട്ടുകാര്‍ക്കെല്ലാം കമ്പ്യൂട്ടര്‍ നന്നായി വഴങ്ങും .എസ് എസ് എ യില്‍ നിന്നും ലഭിച്ച ലാപ്ടോപ്പ് ഉപയോഗിച്ചാണ് പഠനം . മികവുകള്‍ ഒത്തിരി ..... പഠനത്തിനു വേണ്ട വിവരങ്ങള്‍ കമ്പ്യൂട്ടര്‍ വഴി ശേഖരിക്കാന്‍ ഇപ്പോള്‍ കൂട്ടുകാര്‍ക്ക് കഴിയുന്നു . ഞങ്ങളുടെ പഠന മികവുകള്‍ നേരില്‍ കണ്ട മാതൃഭൂമി ലേഖകന്‍റെ അനുഭവം വാര്‍ത്തയായി ..........